ന്യഗ്രോധാദി കഷായം
ന്യഗ്രോധപിപ്പലസദാഫലലോധ്രയുഗ്മം
ജംബൂദ്വയാർജുനകപീതനസോമവല്കാ:
പ്ലക്ഷാമ്രവഞ്ജുളപ്രിയാളപലാശനന്ദീ- കോളീകദംബവിരളാ മധുകം മധൂകം
ന്യഗ്രോധാദിർഗണോ വർണ്യഃ സംഗ്രാഹീ ഭഗ്നസാധനഃ മേദഃപിത്താസ്രതൃഡ്ദാഹയോനിരോഗനിബർഹണം
(അഷ്ടാംഗഹൃദയം - ശോധനാദിഗണസംഗ്രഹം)
പേരാലിൻതൊലി, അരയാൽതൊലി, അത്തിത്തൊലി, പാച്ചോറ്റിത്തൊലി, വെളുത്ത പാച്ചോറ്റിത്തൊലി, ഞാവൽത്തൊലി, ആറ്റുഞാവൽത്തൊലി, നീർമരുതിൻതൊലി, കല്ലാലിൻതൊലി, സോമരായത്തൊലി (വെൺകരിങ്ങാലി), ഇത്തിത്തൊലി, മാവിൻതൊലി, ആറ്റുവഞ്ഞിവേര്, മുരൾപ്പഴം, പ്ലാശിൻതൊലി, ചിറ്റരയാൽതൊലി, ലന്തക്കുരു, കടമ്പിൻവേര്, പനച്ചിവേര്, ഇരട്ടിമധുരം, ഇലിപ്പപ്പൂവ് ഇവ ഇരുപത്തൊന്നും 2.286 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് വ്രണത്തിന്ന് ഫലപ്രദമായ ഒന്നാണിത്. മലത്തെ ബന്ധിക്കും. അടി, ചതവ് മുതലായവയിൽ ഉപയോഗിക്കാൻ വളരെ നല്ലതാണ്. മേദോ വൃദ്ധി, രക്തപിത്തം, തണ്ണീർദാഹം, ചുട്ടുപുകച്ചിൽ, യോനിരോഗങ്ങൾ എന്നിവയിലും ഹിതമാണ്.