Skip to content

ദാർവ്യാദി കഷായം

ദാർവീകലിങ്ഗമഞ്ജിഷ്‌ഠാവ്യാഘ്രീദാരുഗുഡൂചികാഃ ഭൂധാത്രീ പർപടം ശ്യാമാ തഗരം കരിപിപ്പലീ
ക്ഷുദ്രാ നിംബം ഘനം വ്യാധിർനാഗരം പദ്‌മകം ശടീ രാമാ ടരൂഷഃ സരളം ത്രായമാണാ സ്ഥിസന്ധികം
ഭൂനിംബാരുഷ്കരം പാഠാ കുശഃ കടുകുരോഹിണീ മാഗധീ ധാന്യകം ചേതി ക്വാഥം മധുയുതം പിബേത്
വാതികം പൈത്തികം ചാപി ശ്ലൈഷ്‌മികം സാന്നിപാതികം
ദ്വന്ദ്വജം വിഷമം ഘോരം സതതാദ്യം സുദാരുണം
അന്തഃസ്ഥഞ്ച ബഹിഃസ്ഥഞ്ച ധാതുസ്ഥഞ്ച വിശേഷതഃ
സർവജ്വരം നിഹന്ത്യാശു തഥാ ച ദൈർഘ്യരാത്രികം
ശീതം കമ്പം ഭൃശം ദാഹം കാർശ്യം ഘർമസ്രുതിം വമിം ഗ്രഹണീമതിസാരഞ്ച കാസം ശ്വാസം സകാമലാം
ശോഷം ഹന്യാത്തഥാ ശോഫം മന്ദാഗ്നിത്വമരോചകം ശൂലമഷ്ടവിധം ഹന്തി പ്രമേഹാനപി വിംശതിം
പ്ലീഹാനമഗ്രമാംസഞ്ച യകൃതഞ്ച ഹലീമകം
പൃഥക് ദോഷാംശ്ച വിവിധാൻ സമസ്‌താൻ വിഷമജ്വരാൻ
താൻ സർവാന്നാശയത്യാശു വൃക്ഷമിന്ദ്രാശനിർയഥാ
(ഭൈഷജ്യരത്നാവലീ - ജ്വരചികിത്സാ)

മരമഞ്ഞൾ, കുടകപ്പാലയരി, മഞ്ചട്ടി, കണ്ടകാരിച്ചുണ്ടവേര്, ദേവതാരം, ചിറ്റമൃത്, കീഴാർനെല്ലി, പർപ്പടകപ്പുല്ല്, നാല്കോല്പകുന്ന, തകരം, അത്തിത്തിപ്പലി, പുത്തിരിച്ചുണ്ടവേര്, വേപ്പിൻതൊലി, മുത്തങ്ങാക്കിഴങ്ങ്, കൊട്ടം, ചുക്ക്, പതിമുകം, ഏലപ്പൂച്ചെടിക്കിഴങ്ങ്, കടുക്കാത്തോട്, ആടലോടകവേര്, ചരളം, ത്രായമാണാ, ചങ്ങലമ്പരണ്ട, നിലവേപ്പ്, ചേർക്കുരു (ശുദ്ധി ചെയ്തത്), പാടക്കിഴങ്ങ്, ദർഭവേര്, കടുകുരോഹിണീ, തിപ്പലി, കൊത്തമ്പാലയരി ഈ 30 മരുന്നും 1.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ഈ കഷായം തണുത്തശേഷം തേൻ മേമ്പൊടി ചേർത്ത് സേവിക്കുന്നതായാൽ വാതജ്വരം, പിത്തജ്വരം, കഫജ്വരം, ദ്വന്ദ്വജജ്വരം, സാന്നിപാതികജ്വരം, ഘോരമായ വിഷമജ്വരങ്ങൾ, ദാരുണങ്ങളായ സതതാദി ജ്വരങ്ങൾ, വിശേഷേണ അന്തഃസ്ഥവും ബഹിഃസ്ഥവും ധാതുസ്ഥജവുമായ ജ്വരങ്ങൾ, മറ്റെല്ലാ ജ്വരങ്ങൾ, രാത്രി മുഴുവൻ നീണ്ടു നില്ക്കുന്ന ജ്വരം, ശീതജ്വരം, കൈകാലുകൾക്ക് വിറയൽ ഉള്ള ജ്വരം, ചുട്ടുപുകച്ചിലോടു കൂടിയ ജ്വരം, കാർശ്യം, വിയർക്കുന്ന ജ്വരം, ഛർദി, ഗ്രഹണീരോഗം, അതിസാരം, കാസം, ശ്വാസം, കാമല, ശോഷം, ശോഫം, അഗ്നിമാന്ദ്യം, അരോചകം, എട്ടുവിധമുള്ള ശൂല, ഇരുപതുവിധത്തിലുള്ള പ്രമേഹങ്ങൾ, പ്ലീഹവൃദ്ധി, ഹൃദയാഗ്രമാംസവൃദ്ധി, യകൃദ്വൃദ്ധി, ഹലീമകം, വാതാദി ദോഷങ്ങൾ വെവ്വേറെ കോപിച്ചുണ്ടാകുന്ന ജ്വരം, എല്ലാവിധ വിഷമജ്വരങ്ങൾ എന്നിവയെ മിന്നൽ എപ്രകാരം വൃക്ഷത്തെ നശിപ്പിക്കുന്നുവോ അതുപോലെ നശിപ്പിക്കും.